26 April 2024 Friday

53 പുതിയ സമാജികർ, മന്ത്രിമാരായി 17 പുതുമുഖങ്ങൾ;നിയമസഭ സമ്മേളനം നാളെ മുതൽ

ckmnews

53 പുതിയ സമാജികർ, മന്ത്രിമാരായി 17 പുതുമുഖങ്ങൾ;നിയമസഭ സമ്മേളനം നാളെ മുതൽ


തിരുവനന്തപുരം:പതിനഞ്ചാം കേരള  നിയമസഭയുടെ ആദ്യ സമ്മേളനം നാളെ മുതൽ ആരംഭിക്കും. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.  നിരവധി പ്രത്യേകതകളാണ് പതിനഞ്ചാം കേരള  നിയമസഭയ്ക്കുള്ളത്. അതിൽ ഏറ്റവും പ്രധാനം കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണി സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുന്നു എന്നതു തന്നെ. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ.




തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്.  ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്.  ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ. ചരിത്രത്തിൽ ആദ്യമായി ഐ.എൻ.എൽ പ്രതിനിധിയും  ഇക്കുറി മന്ത്രിയായി. ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലാണ് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.