26 April 2024 Friday

ഡോളര്‍ കടത്ത് കേസ്:സ്പീക്കര്‍ ശ്രീരാമകൃഷണനെ ചോദ്യം ചെയ്യും ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന്റെ നോട്ടീസ്

ckmnews

ഡോളര്‍ കടത്ത് കേസ്:സ്പീക്കര്‍ ശ്രീരാമകൃഷണനെ ചോദ്യം ചെയ്യും


ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന്റെ നോട്ടീസ്


ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സി സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ട്. ഇരുവര്‍ക്കും ഇടയില്‍ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞുവെന്നാണ് കസ്റ്റംസ് അവകാശവാദം.


ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസിന്റെ ഗുരുതര ആരോപണങ്ങള്‍. മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴി നല്‍കിയെന്നാണ് കസ്റ്റംസ് പറയുന്നത്.