27 April 2024 Saturday

ഫെയ്സ് ബുക് വഴി പരിചയപ്പെട്ടു, സുഹൃത്തിനെ കാണാൻ കുടുംബസമേതം; വിരുന്നെത്തി ‘ഒരു കോടി ഭാഗ്യം’

ckmnews

ഫെയ്സ് ബുക് വഴി പരിചയപ്പെട്ടു, സുഹൃത്തിനെ കാണാൻ കുടുംബസമേതം; വിരുന്നെത്തി ‘ഒരു കോടി ഭാഗ്യം’



പുത്തനത്താണി ∙ഫെയ്സ് ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം. ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ പറവന്നൂർ കൈപ്പാലക്കൽ പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ ബൽറാമിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.


മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി സ്വദേശിയായ സോഹൻ ബൽറാം ജീവിതത്തിൽ ആദ്യമായാണ് ലോട്ടറി എടുക്കുന്നത്. കഴിഞ്ഞദിവസം പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ ബൽറാം കടയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പിന് കാത്തുനിൽക്കാതെ ഇന്നലെ ഉച്ചയോടെ കുടുംബസമേതം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഫലം വന്നത്.


ഒന്നാം സമ്മാനമായ 5 കോടി രൂപയുടെ 5 സമ്മാനാർഹരിൽ ഒരാളായി സോഹൻ മാറുകയായിരുന്നു. ഫലം ഓൺലൈൻ വഴി വന്നതോടെ പ്രഭാകരൻ തന്നെയാണ് ലോട്ടറി അടിച്ച വിവരം സോഹനെ ഫോണിലൂടെ അറിയിച്ചത്. അതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച് അവർ പുത്തനത്താണിയിലേക്കു തിരിച്ചു. ലോട്ടറി ഏജൻസി ഉടമ മണികണ്ഠൻ, സോഹനെയും കുടുംബാംഗങ്ങളെയും മധുരം നൽകി സ്വീകരിച്ചു.