08 May 2024 Wednesday

പണം അടയ്ക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ; കെഎഫ്സി തിരിച്ചടവിൽ വർധന

ckmnews



തിരുവനന്തപുരം ∙ പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്സി) വായ്പാ തിരിച്ചടവിൽ വർധന. ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഇനി ഏകദേശം ആയിരം പേരുടെ വിവരങ്ങൾ കൂടി അപ്‌ലോഡ് ചെയ്യാനുണ്ട്. സിബിൽ അപ്ഡേറ്റ് ചെയ്യാനായി കെവൈസി ഒന്നുംതന്നെ ലഭ്യമല്ലാത്ത പഴയ കേസുകളാണ് ബാക്കിയുള്ളത്. പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് ഐഡി ഒന്നും തന്നെ ഫയലിൽ ലഭ്യമല്ലാത്ത കേസുകളാണവ.ഇത്തരം കേസുകളിൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കസ്റ്റമർ വെരിഫിക്കേഷൻ ഏജന്റുമാരെ ഏൽപ്പിച്ചിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുക, വായ്പകൾ പുനർക്രമീകരിക്കുക, ഒറ്റത്തവണ വഴി തീർപ്പാക്കുക, എഴുതിത്തള്ളുക തുടങ്ങിയ സാഹചര്യങ്ങളിലാണു സിബിൽ സ്കോർ മോശമാകുന്നത്. സിബിൽ മോശമായാൽ ഒരു ബാങ്കിൽനിന്നും വായ്പകൾ കിട്ടില്ല. മുൻപ് ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പാ തിരിച്ചടച്ചവരും അവരുടെ സിബിൽ സ്കോർ മോശമാകുന്നതിനാൽ ഇപ്പോൾ പണം തിരിച്ചടയ്ക്കാൻ തയാറായി വന്നിട്ടുണ്ടെന്നു കെഫ്‌സി സിഎംഡി ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു.സിബിൽ പരാതികൾ പരിശോധിക്കുന്നതിനു പ്രത്യേകം സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഈ വർഷത്തെ വായ്പാ തിരിച്ചടവ് ഇതുവരെ 1241 കോടിയായി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 710 കോടിയായിരുന്നു. ഈ വർഷം ഇതുവരെ 2262 കോടി വായ്പയായി അനുവദിച്ചു. കഴിഞ്ഞ വർഷം ഈ കാലയളവിൽ 395 കോടിയായിരുന്നു. ഈ വർഷം ഇതുവരെ 2389 കോടി വായ്പയായി വിതരണം ചെയ്തു. കഴിഞ്ഞ വർഷം 521 കോടിയായിരുന്നു. ഒരു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകുന്ന സംരംഭക പദ്ധതിയിൽ ഇതുവരെ 8000 അപേക്ഷ കിട്ടിയിട്ടുണ്ട്. ഇതിന്റെ പരിശോധനകൾ നടക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വായ്പകൾക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു കെഎഫ്സി അറിയിച്ചു.