26 April 2024 Friday

ശബരിമല ക്ഷേത്ര ജീവനക്കാര്‍ക്ക് വോട്ടില്ല : പോസ്റ്റല്‍ വോട്ട് ഇന്നും അന്യം

ckmnews

തിരുവനന്തപുരം: ശബരിമല ക്ഷേത്ര ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ച്‌ ദേവസ്വം ബോര്‍ഡ്. ഭരണഘടനാ ചട്ടം ലംഘിച്ചുകൊണ്ടുള്ള ഈ നടപടിയില്‍ ഇലക്ഷന്‍ കമ്മിഷന്‍ വൈകാതെ നടപടിയെടുക്കും. വര്‍ഷങ്ങളായി ശബരിമലയില്‍ ജോലിചെയ്യുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാറില്ല.


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് സമ്ബ്രദായം ഏര്‍പ്പെടുത്തിയെങ്കിലും ശബരിമലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അത് ഇന്നും സ്വപ്‌നം മാത്രം. മണ്ഡല, മകരവിളക്ക് കാലത്ത് ക്ഷേത്ര ജീവനക്കാരായി നിയോഗിക്കുന്നവര്‍ക്ക് ഡ്യൂട്ടി ചെയ്ഞ്ച് പോലും നല്‍കാറില്ല. ഇതോടെ പല ജീവനക്കാരും മാനസിക സംഘര്‍ഷാവസ്ഥ നേരിടുന്നു. സ്വന്തം വീട്ടുകാരുടെ കല്യാണത്തിനു പോലും അവധി അനുവദിക്കാറില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സമയത്താണ് ശബരിമല മണ്ഡലപൂജയ്ക്കായി നടതുറന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ളവരാണ് പഞ്ചവാദ്യം, നാദസ്വരം, തകില്‍, വാച്ചര്‍ ഉള്‍പ്പെടെ 48ഓളം തസ്തികയില്‍ ജോലിചെയ്യുന്നത്.

പൊലീസ്, ഫയര്‍ഫോഴ്‌സ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് 20 ദിവസം കൂടുമ്ബോള്‍ ഡ്യൂട്ടി ചെയ്ഞ്ച് അനുവദിക്കാറുണ്ട്. 20 ദിവസം കൂടുമ്ബോഴും പുതിയ ഉദ്യോഗസ്ഥരാണ് ചുമതല വഹിക്കുന്നത്.
എന്നാല്‍ ശബരിമലയില്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് മാത്രം ഇതെല്ലാം അന്യം. ഓരോ ജില്ലയിലും ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍മാരുണ്ട്.

അവര്‍ക്ക് ശബരിമലയില്‍ പുതിയ ജീവനക്കാരെ നിയമിക്കാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരാരും അത്തരം കാര്യങ്ങള്‍ ചെയ്യാറില്ല. ദേവസ്വം ബോര്‍ഡില്‍ 4000ത്തോളം ക്ഷേത്ര ജീവനക്കാരുണ്ട്. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 6000 പേരുണ്ടെന്നാണ് കണക്ക്. അതായത് ഓരോ ഗ്രൂപ്പിലും 400 ക്ഷേത്ര ജീവനക്കാരുണ്ട്. ഇവരെ മാറിമാറി നിയോഗിക്കേണ്ടത് അസി. കമ്മിഷണര്‍മാരാണ്.

എന്നാല്‍ നടതുറക്കുമ്ബോള്‍ ജോലിക്കായി നിയോഗിക്കുന്നവരെ മണ്ഡല, മകരവിളക്ക് മഹോത്സവം കഴിഞ്ഞ ശേഷമേ തിരികെ വിളിക്കാറുള്ളു. ഇതാണ് ജീവനക്കാരില്‍ പലരും മാനസിക സംഘര്‍ഷാവസ്ഥ നേരിടാന്‍ കാരണം. മാത്രമല്ല ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് ഒരു നീതിയും ക്ഷേത്ര ജീവനക്കാര്‍ക്ക് വേറൊരു നീതിയെന്നും അവര്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ വോട്ട് നിഷേധത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം എപേ്‌ളായീസ് ഫൊഡറേഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.