05 May 2024 Sunday

ചൂട് അതികഠിനം; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ckmnews



തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. വരുന്ന ശനിയാഴ്ച വരെ കൊടും ചൂട് തുടരാനാണ് സാധ്യത. ഇത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മധ്യ-തെക്കൻ ജില്ലകളിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.