30 April 2024 Tuesday

കെ.കെ. ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്

ckmnews



കോഴിക്കോട്: വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കളക്ടർ എന്നിവർക്കാണ് ശൈലജ ഇന്നലെ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്.

‘‘ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തേജോവധം നടത്താനുള്ള പ്രചാരണമാണ് യുഡിഎഫിന്റേത്. പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർത്ഥി വളഞ്ഞ വഴിയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമ പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു.


വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ലെറ്റർ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോംബ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ പേരിലും വ്യാജ വാർത്തകൾ സൃഷ്ടിച്ചു പ്രചാരണം നടത്തുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ സത്വര നടപടി ഉണ്ടാകണം’’- പരാതിയിൽ ശൈലജ ആവശ്യപ്പെട്ടു.