09 May 2024 Thursday

‘പഠനം തുടരാൻ ജാമ്യം നൽകണം'; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കോടതിയെ സമീപിച്ച് അനുപമ

ckmnews



കൊട്ടാരക്കര: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ ആറ് വയസ്സുകാരിയെ തട്ടി കൊണ്ട് പോയ കേസിലെ മൂന്നാം പ്രതി പി അനുപമ കൊല്ലം അഡീഷൻസ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്ക് പഠനം പൂർത്തിയാക്കണമെന്നും അതിനായി ജാമ്യം അനുവദിച്ചു തരണമെന്നുമാണ് അനുപമയുടെ ആവശ്യം. അഡ്വ പ്രഭു വിജയകുമാർ വഴിയാണ് ജാമ്യാപേക്ഷ നൽകിയത്. മൂന്ന് പ്രതികളുള്ള കേസിൽ ആദ്യമായാണ്പ്രതികളുടെ ഭാഗത്ത് നിന്നും ജാമ്യാപേക്ഷ വരുന്നത്. കേസിൽ അനുപമയുടെ പിതാവ് കെ ആർ പത്മ കുമാർ, മാതാവ് അനിതാകുമാരി എന്നിവരാണ് മറ്റ് പ്രതികൾ.


മോചന ദ്രവ്യം നല്കണമെന്നാവശ്യപ്പെട്ട് നവംബർ 27 നാണ് കൊട്ടാരക്കര ഓയൂർ പരിസരത്ത് നിന്നും ഇവർ കുട്ടിയെ തട്ടികൊണ്ട് പോയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ സംഭവത്തിൽ കുട്ടിയെ കൊല്ലത്തൊരു പൊതു സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബർ 2 ന് പോലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകി. സോഷ്യൽ മീഡിയയിലും യുട്യൂബിലും നിറഞ്ഞു നിൽക്കുന്ന വ്ലോഗർ കൂടിയായിരുന്നു അനുപമ. ഇതിനെ തുടർന്ന് രൂക്ഷമായ പൊതുവിമർശനത്തിനും അനുപമ വിധേയമായിരുന്നു.