09 May 2024 Thursday

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

ckmnews


പിവിആർ സിനിമയുമായുള്ള തർക്കം പരിഹരിച്ചു. മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനമായി. സിനിമാ സംഘടനകളും പിവിആർ അധികൃതരും ഓൺലൈനായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.