09 May 2024 Thursday

മലയാളം ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു

ckmnews


തിരുവനന്തപുരം: മലയാളത്തിന്റെ ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു. ക്ലാസ്സിക്‌ മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം പ്രവർത്തന മേഖല ആക്കിയിട്ട് 40 വർഷത്തിലേറെയായി.

വരുമാനമെന്നം എന്നതിലുപരി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ബാലൻ മലയാളികൾക്കിടയിൽ ശ്രദ്ധേയനാണ്. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. തുടർന്ന് 30ൽ പരം ചിത്രങ്ങൾക്ക് നിർമ്മാണവും വിതരണവും നിർവ്വഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ കൂടിയായിരുന്നു അദ്ദേഹം.

63 വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി അതിനെ വളർത്തി. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.