09 May 2024 Thursday

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പ്രത്യേക സംഘം

ckmnews


കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടത്തെറിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സ്‌ഫോടനം.

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മുഖത്തു ഗുരതരമായി പരിക്കേറ്റ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരണപ്പെട്ടിരുന്നു. നാല് പേര്‍ക്കായിരുന്നു പരിക്ക്. സ്‌ഫോടനത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന്‍ കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

ബോംബ് നിര്‍മാണത്തില്‍ കുന്നോത്തുപറമ്പ്, പുത്തൂര്‍, കൈവേലിക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് കൊളവല്ലൂര്‍, പാനൂര്‍ പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സേനയെ വിന്ന്യസിച്ചു. ഇതിനിടെ നിര്‍മാണം നടക്കുന്ന തന്റെ വീട്ടില്‍ കയറി അറിവോ സമ്മതമോ കൂടാതെ ബോംബ് നിര്‍മാണം നടന്നതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ കെ പി രാധ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി.പാര്‍ട്ടി കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയത്