09 May 2024 Thursday

യൂട്യൂബര്‍ വിക്കി തഗ്ഗിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

ckmnews


പാലക്കാട്: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ പ്രതിയായ യൂട്യൂബര്‍ ആലപ്പുഴ സ്വദേശി വിഘ്‌നേഷ് എന്ന വിക്കി തഗിനെതിരായ അന്വേഷണം ഊര്‍ജിതമാക്കി. മറ്റൊരു പ്രതിയായ കൊല്ലം ഓച്ചിറ സൗത്ത് കൊച്ചുമുറിയില്‍ വിനീത് തമ്പിയെ എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്ന് കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിലുള്ള വിക്കി തഗിനെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. വിഘ്‌നേഷിനെ കിട്ടിയാല്‍ മാത്രമേ തോക്ക് എവിടെനിന്ന് ലഭിച്ചുവെന്ന് അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

2022ല്‍ പാലക്കാട് ചന്ദ്രനഗറില്‍ എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്തംഫെറ്റമിന്‍, കത്തി, തോക്ക് എന്നിവയുമായി ഇരുവരെയും അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടി. ആയുധം കൈവശംവെച്ച കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.



പിന്നീടാണ് വിനീത് തമ്പിയെ അറസ്റ്റ് ചെയ്തത്. പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസബ ഇന്‍സ്‌പെക്ടര്‍ വി വിജയരാജ്, എസ് ഐ. എച്ച് ഹര്‍ഷാദ്, എഎസ്‌ഐമാരായ സുനില്‍, രജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീദ്, ഷനോസ്, ലൈജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.