09 May 2024 Thursday

പത്തനംതിട്ടയില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം'അടിമുടി ദുരൂഹത ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്,അനൂജയെ അറിയില്ലെന്നും ഹാഷിമിന്റെ പിതാവ് ഹക്കിം

ckmnews

പത്തനംതിട്ടയില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം'അടിമുടി ദുരൂഹത


ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്,അനൂജയെ അറിയില്ലെന്നും ഹാഷിമിന്റെ പിതാവ് ഹക്കിം


പത്തനംതിട്ട: മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിമിന്റെ അച്ഛൻ ഹക്കിം മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകന് നല്ല മനക്കരുത്താണെന്നും നാട്ടിലെ പൊതുകാര്യങ്ങളിൽ ഇടപെടുന്ന ആളാണെന്നും ഹക്കിം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് പോയത്. പിന്നീട് അപകടം നടന്നു എന്ന വാർത്തയാണ് അറിയുന്നത്. അനുജയേ തങ്ങൾക്ക് അറിയില്ലെന്നും പരിചയമില്ലെന്നും ഹക്കിം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. 


ഇന്നലെ വൈകിട്ടാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. അപകടത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹാഷിമിന്റെ അച്ഛന്റെ പ്രതികരണം. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.


സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 


അനുജയെ വാഹനത്തിന്‍റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്.  അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഹാഷിമും അനുജയും ഏറെകാലമായി സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന