27 April 2024 Saturday

ഇന്ത്യൻ വിമൻസ് ലീഗ് കിരീടം ഒഡീഷക്ക്, ഗോകുലം കേരള രണ്ടാം സ്ഥാനത്ത്

ckmnews


ഭുവനേശ്വർ : ഇന്ത്യൻ വിമൻസ് ലീഗിന്റെ രണ്ടാം സീസണിന്റെ കിരീടം സ്വന്തമാക്കി ഒഡീഷ എഫ്‌സി. 12 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായാണ് ഒഡീഷ എഫ്‌സി ലീഗ് കിരീടം സ്വന്തമാക്കിയത്. 12 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഗോകുലം കേരള രണ്ടാം സ്ഥാനത്തെത്തി. 13 ഗോളുകളുമായി ഗോകുലം കേരളയുടെ മുന്നേറ്റ താരം ഫാസിലയാണ് ടൂർണമെന്റ് ടോപ് സ്‌കോറർ. മികച്ച താരമായി ഒഡീഷയ്ക്ക് വേണ്ടി കളിച്ച ഇന്ദുമതി കതിരേശൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷവും ഇന്ദുമതി തന്നെയായിരുന്നു ടൂർണമെന്റിലെ മികച്ച താരം. ഗോകുലം കേരള എഫ്‌സിക്ക് വേണ്ടിയായിരുന്നു കഴിഞ്ഞ സീസണിൽ ഇന്ദുമതി കളിച്ചിരുന്നത്.

പുരുഷ താരങ്ങളുടെ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഇന്ത്യൻ വിമൻസ് ലീഗിൽ ചാമ്പ്യന്മാർക്ക് പത്ത് ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് അഞ്ചു ലക്ഷവും ലഭിക്കും. കഴിഞ്ഞ വർഷത്തെ പ്രഥമ സീസണിൽ ഗോകുലം കേരള എഫ്‌സിക്കായിരുന്നു കിരീടം. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള വനിതാ ടീമിന് കിരീടം നഷ്ടമായത്.

മികച്ച ഗോൾ കീപ്പറായി ഒഡീഷ എഫ്‌സിയുടെ ശ്രേയ ഹൂഡയെയും, മികച്ച പ്രതിരോധ താരമായി ഹേമം ദേവിയെയും മികച്ച മിഡ്ഫീൽഡറായി ഇന്ദുമതിയെയും തിരഞ്ഞെടുത്തു.