27 April 2024 Saturday

പതിവുതെറ്റിച്ചില്ല; മുംബൈക്ക് തോൽവിയോടെ തുടക്കം; ത്രില്ലിങ് മത്സരത്തിൽ ഗുജറാത്തിന്റെ വിജയം 6 റൺസിന്

ckmnews


അഹമ്മദാബാദ്: ഐപിഎല്ലിൽ ആദ്യമത്സരം തോറ്റു തുടങ്ങുന്ന പതിവ് മുംബൈ ഇന്ത്യന്‍സ് ഇക്കുറിയും തെറ്റിച്ചില്ല. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ത്രില്ലിങ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്. സ്‌കോര്‍: ഗുജറാത്ത്- 168/6 (20 ഓവര്‍). മുംബൈ- 161/9 (20 ഓവര്‍).

ഗുജറാത്ത് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ 161 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. രണ്ടുവീതം വിക്കറ്റുകള്‍ നേടിയ അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പൈന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവരാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഗുജറാത്ത് നേടിയത്. 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഗുജറാത്തിനെ വലിയ സ്‌കോർ നേടാതെ തട‍ഞ്ഞുനിര്‍ത്തിയത്.നാലാം ഓവറില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുംറ, സാഹയുടെ വിക്കറ്റ് തെറിപ്പിച്ചു. 15 പന്തില്‍ 19 റണ്‍സാണ് സാഹ നേടിയത്.പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പിയൂഷ് ചൗള പുറത്താക്കി. 22 പന്തില്‍ 31 റണ്‍സാണ് ശുഭ്മാന്റെ സമ്പാദ്യം. 11 പന്തില്‍ 17 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായ്‌യെ തിലക് വര്‍മയുടെ കൈകളിലേക്ക് നല്‍കി ജെറാള്‍ഡ് കോട്ട്‌സി മടക്കിയയച്ചു.

39 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. ബുംറയുടെ പന്തില്‍ തിലക് വര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് സുദര്‍ശന്റെ മടക്കം.12 റൺസെടുത്ത ഡേവിഡ് മില്ലറെയും ബുംറ പുറത്താക്കി. രാഹുല്‍ തെവാട്ടിയ (22) ജെറാള്‍ഡ് കോട്ട്‌സിയുടെ പന്തില്‍ നാമന്‍ ധിറിന് ക്യാച്ച് നല്‍കി മടങ്ങി. മുംബൈക്കുവേണ്ടി ജെറാള്‍ഡ് കോട്ട്‌സി രണ്ടും പിയൂഷ് ചൗള ഒന്നും വിക്കറ്റ് നേടി.മുംബൈയുടെ മറുപടി ബാറ്റിങ് തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ ടീം സ്‌കോര്‍ ചലിക്കുന്നതിന് മുന്നേതന്നെ ഇഷാന്‍ കിഷനെ (പൂജ്യം) മുംബൈക്ക് നഷ്ടമായി.രോഹിത് ശര്‍മയും (43) ദെവാല്‍ ബ്രേവിസും (46) ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. തിലക് വര്‍മ (25), നമാന്‍ ധിര്‍ (20), ടിം ഡേവിഡ് (11), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (11), ജെറാള്‍ഡ് കോട്‌സീ (1), ഷംസ് മുലാനി (1*), പിയൂഷ് ചൗള (പൂജ്യം), ജസ്പ്രീത് ബുംറ (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.ഐപിഎല്ലിലെ ആദ്യ മത്സരം തോറ്റുകൊണ്ടു തുടങ്ങുന്ന പതിവ് മുംബൈ ഇന്ത്യൻസ് തുടുങ്ങിയത് 2012 മുതലാണ്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.