09 May 2024 Thursday

സാമൂഹിക മാധ്യമങ്ങളിൽ ഡോക്ടർമാർക്ക് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചു

ckmnews


തിരുവനന്തപുരം: ഡോക്ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ സർക്കുലർ ആരോഗ്യ വകുപ്പ് പിന്‍വലിച്ചു. ഉത്തരവിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ജീവനക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്കേർപ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറാണ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.

യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് എത്തുകയും വീഡിയോകള്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്താല്‍ പരസ്യ വരുമാനം ഉൾപ്പെടെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും പിന്‍വലിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.