09 May 2024 Thursday

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പുനടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ckmnews


ആലപ്പുള: പുളിങ്കുന്നത്ത് സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് ജപ്തിനോട്ടീസിലെ വായ്പക്കുടിശ്ശിക കുറച്ചുനൽകാമെന്നുപറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പഞ്ചായത്ത് നാലാം വാർഡിൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷിനെ (ജിത്തു-39)യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.

വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുളിങ്കുന്ന് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് മൊഴി. പുളിങ്കുന്ന് പോലീസ് ഇൻസ്പെക്ടർ യേശുദാസ്, സബ് ഇൻസ്പെക്ടർ എം.ജെ. തോമസ്, അസി. സബ് ഇൻസ്പെക്ടർ വിജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


ഫ്രീലാൻസ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാൾ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ്.