09 May 2024 Thursday

അശ്രദ്ധ അരുത്, ജാ​ഗ്രത വേണം; ചൂട് കൂടുന്നു, ഇന്ന് 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാ​ഗ്രതയുടെ ഭാ​ഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ( ശനിയും ഞായറും) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39° സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത ഉള്ളതിനാൽ ജാ​ഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പവു ഉള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകൾ ഒഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ജാ​ഗ്രതാ നിർദ്ദേശം: ‌‌‌‌

പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കാം.


അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോ​ഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.


ചൂട് അധികരിക്കുന്ന സാാഹചര്യത്തിൽ കാട്ടു തീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാ​ഗ്രത പാലിക്കണം. കാട്ടു തീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.