09 May 2024 Thursday

'അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നു, ചേട്ടാനായിപ്പോയില്ലേ'; കെ.മുരളീധരനെതിരെ പത്മജ

ckmnews



കെ.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജക്കെതിരെ നടത്തിയ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനെതിരെയായിരുന്നു അവരുടെ പ്രതികരണം. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ.

ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ എത്തുമെന്നും പത്മജ പറഞ്ഞു.

എത്രയോ ആളുകള്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍നിന്ന് പോയാലോ എന്നുവരെ ചിന്തിച്ചിരുന്നു. കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും പത്മജ പറഞ്ഞു.

കെ.കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വ്യക്തമാക്കി. കെ. കരുണാകരന്റെ മകള്‍ അല്ല എന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ടി.വിയില്‍ ഇരുന്ന് നേതാവായ ആളാണ്. അയാൾ ജയിലില്‍ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെകൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ വ്യക്തമാക്കി.

ബിജെപിയിൽ അംഗത്വമെടുത്തശേഷം തിരുവനന്തപുരത്തെത്തിയ പത്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാനത്തെ ബിജെപി പ്രവർത്തകര്‍. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, പി കെ കൃഷ്ണദാസ്, ഷോൺ ജോർജ്, കരമന ജയൻ, വി വി രാജേഷ്, അഡ്വ. എസ് സുരേഷ് അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിലെത്തിയിരുന്നു.