09 May 2024 Thursday

ലോറിയില്‍ നിന്ന് വിരണ്ടോടി നാശനഷ്ടങ്ങള്‍ വരുത്തി; അക്കരമേല്‍ ശേഖരന് വനംവകുപ്പിന്റെ വിലക്ക്

ckmnews


പാലക്കാട്: ലോറിയില്‍ നിന്നിറങ്ങി വിരണ്ടോടി നാശനഷ്ടങ്ങള്‍ വരുത്തിയ അക്കരമേല്‍ ശേഖരന്‍ എന്ന നാട്ടാനയ്ക്ക് വനം വകുപ്പിന്റെ വിലക്ക്. 15 ദിവസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിപ്പിക്കുന്നതിനാണ് വിലക്ക്. വിരണ്ടോടിയ ആന നിരവധി വീടുകളും കടകളും നശിപ്പിക്കുകയും, മനുഷ്യരേയും കന്നുകാലികളെയും ആക്രമിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലക്കാട് കണ്ണാടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് അക്കരമേല്‍ ശേഖരന്‍ എന്ന ആന വിരണ്ടോടിയത്. കണ്ണാടി വടക്കുമുറിയില്‍ നിന്നിറങ്ങിയോടിയ ആന, മാത്തൂര്‍ അമ്പാട് വരെ നിരവധി വീടുകളും കടകളും നശിപ്പിച്ചതിനുശേഷം ആണ് ശാന്തനായത്. ഇതിനിടയില്‍ തമിഴ്‌നാട് സ്വദേശിയായ മധ്യവയസ്‌കനേയും നിരവധി വളര്‍ത്തുമൃഗങ്ങളെയും ആന ആക്രമിച്ചു.

കോടികളുടെ നാശനഷ്ടം ഉണ്ടാക്കിയ ആനയ്ക്ക് വനം വകുപ്പ് 15 ദിവസത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് കല്പിച്ചിട്ടുള്ളത്. 15 ദിവസത്തേക്ക് ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കരുതെന്നും വനം വകുപ്പ് നിര്‍ദേശിച്ചു. ആനയുടെ രക്തം പരിശോധിച്ചതില്‍, ആനയ്ക്ക് മദപ്പാട് ഇല്ലന്നും വനം വകുപ്പ് കണ്ടെത്തിട്ടുണ്ട്.