09 May 2024 Thursday

ഉപതെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി; കണക്കിൽ തുല്യമെങ്കിലും എൽഡിഎഫിന് വൻ നേട്ടം

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ആറ് വാർഡുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിൽ എൽഡിഎഫ് അട്ടിമറി ജയം നേടി. ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആത്മവിശ്വാസമേകുന്ന വിജയമാണിത്. 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടങ്ങളിൽ എൽഡിഎഫും യുഡിഎഫും ജയിച്ചപ്പോൾ മൂന്നിടത്താണ് ബിജെപി ജയിച്ചത്. ആകെ കണക്കിൽ എൽഡിഎഫും യുഡിഎഫും പത്ത് സീറ്റുകള്‍ വീതം നേടിയെങ്കിലും എല്‍ഡിഎഫിന് തന്നെയാണ് നേട്ടം.

യുഡിഎഫിന്‍റെയും ബിജെപിയുടെയും മൂന്ന് സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ ഡിവിഷൻ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത് എൽഡിഎഫിന് ആത്മവിശ്വാസം കൂട്ടുന്നു. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം കുന്നനാട് , ചടയമംഗലം കുരിയോട് വാര്‍ഡുകളാണ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത മറ്റ് വാർഡുകൾ. നെടുമ്പാശേരി കൽപക നഗര്‍, മുല്ലശ്ശേരി, പതിയാര്‍കുളങ്ങര, മുഴപ്പിലങ്ങാട്, മമ്മാക്കുന്ന് വാര്‍ഡുകളാണ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്. കല്പകനഗറിലെ ജയത്തോടെയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചത്.


യുഡിഎഫിന് അഞ്ച് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുത്തു. മൂന്നാർ പഞ്ചായത്തിലെ രണ്ട് സീറ്റുകൾ പിടിച്ച് പഞ്ചായത്ത് ഭരണം നിലനിർത്തിയത് മാത്രമാണ് യുഡിഎഫിന് ആശ്വസിമായത്. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട വാര്‍ഡിൽ കോണ്‍ഗ്രസ് ആദ്യമായി ജയിച്ചു. ബിജെപിക്ക് ആകെ മൂന്ന് സീറ്റാണ് നഷ്ടമായത്. രണ്ട് എണ്ണം പിടിച്ചെടുത്തു. മട്ടന്നൂർ നഗരസഭയിലെ ടൗൺ വാർഡിൽ ജയിച്ച് ബിജെപി നഗരസഭയിൽ അക്കൗണ്ട് തുറന്നു. ആദ്യമായി മട്ടന്നൂര്‍ നഗരസഭയില്‍ വിജയിക്കാനായത് ബിജെപിക്ക് നേട്ടമായി.