09 May 2024 Thursday

പത്തനംതിട്ട ജി ആൻഡ് ജി സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ കീഴടങ്ങി

ckmnews


പത്തനംതിട്ട: പത്തനംതിട്ട ജി ആൻഡ് ജി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ പൊലീസിൽ കീഴടങ്ങി. പ്രതികളായ ഗോപാലകൃഷ്ണൻ നായർ ,ഗോവിന്ദ് ജി നായർ എന്നിവരാണ് തിരുവല്ല ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിരുന്നു.

തെള്ളിയൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകളായ ഗോപാലകൃഷ്ണൻ നായർ, സിന്ധു വി നായർ, ഗോവിന്ദ് ജി നായർ, ലക്ഷ്മി എന്നിവർക്കെതിരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകൾക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. 100 കോടിയിലേറെ രൂപ നിക്ഷേപകർക്ക് തിരികെ കിട്ടാനുണ്ടെന്നാണ് പ്രാഥമികമായ വിവരം.


അമിത പലിശ വാഗ്ദാനം ചെയ്താണ് ഉടമകൾ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്തിരുന്നു. 10 ലക്ഷം മുതൽ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതിപ്പെട്ടത്.

മാസം തോറും നിക്ഷേപത്തിന്റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകൾ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകൾ മുങ്ങിയത്. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് പുറമേ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്സ് ആക്ട് കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി കമ്പനിയുടെ 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.