09 May 2024 Thursday

‘ബേലൂര്‍ മഖ്നയെ പിടികൂടും വരെ ദൗത്യം തുടരും, വനാതിർത്തിക്ക് പുറത്തെത്തിയാൽ വെടിവെക്കും’; വനംമന്ത്രി

ckmnews



വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ പിടികൂടും വരെ ദൗത്യം തുടരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനാതിർത്തിക്ക് പുറത്തെത്തിയാൽ വെടിവെക്കും, ആന കർണാടക വന മേഖലയിലാണെന്നും

തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി നിലപാടിൽ അയവ് വരുത്തിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചന നടക്കുണ്ട്. കേന്ദ്രവനം മന്ത്രിയുടെ സന്ദർശനം അനൗദ്യോഗികം മാത്രമാണ്.കേന്ദ്രമന്ത്രി വന്നത് നല്ല കാര്യമാണെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.


വന്യജീവി ആക്രമണങ്ങൾക്ക് അന്തിമമായി പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരാണ്. കേസെടുത്തത് പ്രതിഷേധക്കാർക്ക് എതിരെയല്ലെന്നും അക്രമം നടത്തിയവർക്ക് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം മാനന്തവാടിയിലെ ആളെക്കൊല്ലി ബേലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാൻ രാത്രികാല പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്.


ദൗത്യസംഘത്തെ സഹായിക്കാനായി ഹൈദരാബാദിൽ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. വന്യജീവി മനുഷ്യസംഘർഷം നിലനിൽക്കുന്ന മേഖലയിൽ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് നവാബ് അലിഖാൻറെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.