09 May 2024 Thursday

ടിപി വധക്കേസ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: സിപിഐഎം

ckmnews


തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം. വലിയ നിയമയുദ്ധമാണ് നടന്നത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലായെന്ന് നേരത്തെ പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. വലിയ നിയമയുദ്ധമാണ് നടന്നത്. മോഹനന്‍ മാഷിനെ കൊള്ളക്കാരനെപോലെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ ചിത്രം കേരളം മറന്നിട്ടില്ല. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലില്‍ അടച്ച, പകവീട്ടലിന്റെ പ്രശ്‌നമായിട്ടാണ് കൈകാര്യം ചെയ്തത്.' എം വി ഗോവിന്ദന്‍ പറഞ്ഞു.


പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ലായെന്ന് നേരത്തെ പറഞ്ഞതാണ്. അത് ശരിയാണ്. പാര്‍ട്ടി നേതൃതൃത്തിനെതിരെ കേസുമായി ബന്ധപ്പെട്ട് വലിയ കടന്നാക്രമണം നടന്നപ്പോഴാണ് ഇടപെടേണ്ടി വന്നത്. അല്ലെങ്കില്‍ സ്വാഭാവികമായി നടന്നുപോവുമായിരുന്നു. യുഡിഎഫ് കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം ഏറ്റവും നല്ല വിധിയാണ് വന്നതെന്ന് കെ കെ രമ എംഎല്‍എ പ്രതികരിച്ചു. നേരത്തെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതിയും ശരിവെച്ചിരിക്കുകയാണ്. 'പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇനിയും മേല്‍ക്കോടതിയെ സമീപിക്കും. സിപിഐഎം തന്നെയാണ് പ്രതി. വലിയ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കേസിലുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്. സിപിഐഎം പങ്ക് വ്യക്തമായിരിക്കുകയാണ്. ഇതൊരു നീതിയാണ്. ഇനിയൊരു കൊലപാതകം നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടികൊല്ലുന്നത് അവസാനിക്കണം. അതിനുള്ള താക്കീത്. എല്ലാവരോടും നന്ദി. സത്യം ജയിക്കണം.' കെകെ രമ പറഞ്ഞു.