09 May 2024 Thursday

രണ്ടു വയസുകാരൻ ഡേ കെയറിൽ നിന്നിറങ്ങി പോയ സംഭവം; രണ്ട് അധ്യാപകരെ പിരിച്ചു വിട്ടു

ckmnews


തിരുവനന്തപുരം: നേമത്ത് രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് ഇറങ്ങി പോയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. ഡേ കെയർ അധ്യാപകരായ ഷാന, റിനു എന്നിവരെ പിരിച്ചുവിട്ടു. ശ്രുതി എന്ന അധ്യാപികക്കും, ആയ ഇന്ദുലേഖക്കും താക്കീത് നൽകി. തങ്ങളുടെ ഭാ​ഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് അധ്യാപകർ സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

ഡേ കെയറിൽ വന്ന കുട്ടികളുടെ ഹാജർ മാത്രം എടുത്ത് അധ്യാപകർ മൂന്ന് പേരും വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തുള്ള വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. അധ്യാപകർക്കെതിരെ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.തിങ്കളാഴ്ചയായിരുന്നു നേമത്തെ ഡേ കെയറിൽ നിന്ന് കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയത്. കുട്ടി ഇറങ്ങിപ്പോയത് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല.


കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലേക്ക് വിളിച്ചതോടെയാണ് കുട്ടി അവിടെയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡേ കെയറില്‍നിന്ന് രണ്ടുവയസുകാരന്‍ അങ്കിത് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തിയതില്‍ കുടുംബത്തിൻ്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. അപ്രതീക്ഷിതമായി കുട്ടി ഒറ്റയ്ക്കു കയറി വന്നപ്പോള്‍ പേടിച്ചു പോയെന്ന് പിതാവ് പറഞ്ഞു.ഇനി കുട്ടിയെ ഈ ഡേ കെയറില്‍ വിടില്ല എന്ന് മാതാപിതാക്കൾ പറഞ്ഞു. കുഞ്ഞിന് ഒന്നും സംഭവിക്കാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്. നിരവധി വളവുകളുള്ള വഴികള്‍ കടന്നാണ് കുട്ടി വന്നത്. എങ്ങനെ വന്നെന്ന് അറിയില്ല. പട്ടി ശല്യമൊക്കെ ഉള്ള പ്രദേശമാണെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. കുട്ടി നടന്നു വരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.