09 May 2024 Thursday

ബേലൂർ മഖ്ന ദൗത്യം ആറാം ദിവസവും വിഫലം; കർണാടക വനംവകുപ്പ് സംഘവും വയനാട്ടിൽ

ckmnews


മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചിൽ ആറാം ദിവസവും വിഫലം. ബേലൂർ മഖ്ന ദൗത്യത്തിൽ പങ്കെടുക്കാൻ കർണാടകയിൽ നിന്നുള്ള വനപാലക സംഘവും വയനാട്ടിലെത്തി. അതിനിടെ, ദൗത്യത്തിനായി പ്രത്യേക അധികാരങ്ങളോടുകൂടിയുള്ള ഉദ്യോഗസ്ഥരെയും സിസിഎഫ് റാങ്കിലുള്ള ഓഫീസറെയും നിയമിക്കാൻ മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി.

വ്യാഴാഴ്ച പുലർച്ചെ പുനരാരംഭിച്ച ദൗത്യം ആറാം ദിവസവും ഫലം കാണാതെയാണ് അവസാനിപ്പിച്ചത്. ഉയർന്നു നിൽക്കുന്ന മുള്ളു പടർന്ന കുറ്റിക്കാടുകളും കൂടെയുള്ള മോഴയാനയുമാണ് വ്യാഴാഴ്ചയിലെ ദൗത്യവും ദുഷ്കരമാക്കിയത്. ഇടതൂർന്ന മരങ്ങൾ മൂലം ഡ്രോൺ പറത്താനാകാതിരുന്നതും പ്രതിസന്ധിയായി.

അതിനിടെ, ബേലൂർ മഖ്ന ദൗത്യത്തിൽ പങ്കെടുക്കാൻ കർണാടകയിൽ നിന്നുള്ള 25 അംഗ വനപാലക സംഘം വയനാട്ടിലെത്തി. നേരത്തെ കർണാടക ബേലൂർ മഖ്നയെ പിടികൂടിയപ്പോൾ ദൗത്യ സംഘത്തിലുണ്ടായിരുന്നവരുൾപ്പടെ സംഘത്തിലുണ്ട്.


അതിനിടെ ദൗത്യത്തിനായി സിസിഎഫ് റാങ്കിലുള്ള ഓഫിസറെ നിയമിക്കാൻ മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിലും തീരുമാനമായി. പ്രത്യേക അധികാരങ്ങളോടുകൂടിയ ഉദ്യോഗസ്ഥരെയും നിയമിക്കും. വയനാട്ടിൽ നിലവിലുള്ള ആർആർടി സംഘത്തോടൊപ്പം രണ്ട് പുതിയ ആർആർടി ടീമുകളെ നിയമിക്കാനും വയനാട്ടിലെ വനമേഖലയിലെ റിസോർട്ടുകളിൽ രാത്രികളിൽ ഡിജെ പാർട്ടി നിയന്ത്രിക്കാനും യോഗത്തിൽ തീരുമാനമായി.