09 May 2024 Thursday

ട്രാക്ക് ചെയ്യാനാകാതെ ബേലൂര്‍ മഖ്‌ന: നിരീക്ഷണത്തിന് ബൈ സ്‌പെക്ടറല്‍ തെര്‍മല്‍ ക്യാമറയും

ckmnews



മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്യാനാകാതെ സാഹചര്യത്തില്‍ നിരീക്ഷണത്തിന് ബൈ സ്‌പെക്ടറല്‍ തെര്‍മല്‍ ക്യാമറയും. ഇതിന്റെ പ്രാഥമിക പരിശോധന നടത്തി. അതേസമയം ആനയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിക്കാത്തത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്.

ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയില്‍ തുടരുന്നതായാണ് ഒടുവില്‍ ലഭിച്ച വിവരം. ബേലൂര്‍ മഖ്‌നയുടെ സഞ്ചാരം മറ്റൊരു മോഴയാനക്കൊപ്പമാണ്. ഇവ വേഗത്തില്‍ സഞ്ചരിക്കുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്നലെ രണ്ട് തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നെങ്കിലും മയക്കുവെടി വെക്കാന്‍ സാധിച്ചിരുന്നില്ല.


മുള്ള് പടര്‍ന്ന അടിക്കാട് ആനയെ പിടികൂടാനുള്ള ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്നു. അതേസമയം പടമലയില്‍ കാട്ടാനയെ കണ്ട ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ബേലൂര്‍ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്.