09 May 2024 Thursday

തൃപ്പൂണിത്തുറയിൽ പടക്ക കടയിൽ ഉഗ്ര സ്ഫോടനം ഒരു മരണം

ckmnews


കൊച്ചി: തൃപ്പൂണിത്തുറയിലെ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് സൂചന. 25 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു.


പ്രദേശത്തുനിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം ദൂരം ഭൂഗമ്പത്തിന് സമാനമായ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശത്തെ കൌൺസിലർ പറയുന്നത്. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ സ്പാർക്കിൽ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.