09 May 2024 Thursday

സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ ക്യാൻസർ വാക്സിൻ നൽകും

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് സെർവികല്‍ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികള്‍ക്ക് സെർവിക്കല്‍ കാൻസർ വാക്സിനേഷൻ നൽകും. ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.


സെർവിക്കൽ ക്യാൻസർ വാക്സിനേഷൻ ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിനാണ് നല്‍കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.


സ്ത്രീകളില്‍ സ്തനാർബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സെർവിക്കല്‍ കാൻസർ ആണ്. ഇത് പ്രതിരോധിക്കാനുള്ള വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്യുമെന്നു കഴിഞ്ഞവർഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

ലൈംഗികമായ സമ്പര്‍ക്കത്തിലൂടെ പകരുന്ന പാപ്പിലോമ വൈറസ് (HPV) മൂലം ഉണ്ടാകുന്ന അണുബാധയാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്. പാപ് സ്മിയര്‍ ടെസ്റ്റ് എന്ന ലളിതമായ പരിശോധനയിലൂടെ ഈ രോഗം നിര്‍ണയിക്കാന്‍ കഴിയും. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന അപമാനഭീതിയാണ് ഭൂരിഭാഗം സ്ത്രീകളും ഈ പരിശോധന നടത്താത്തിന് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ, ഡോക്ടറെ കാണുമ്പോഴേക്കും കാൻസർ അതിന്റെ അവസാനഘട്ടത്തിലാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു

HPV ലൈംഗികമായ സമ്പര്‍ക്കത്തിലൂടെ പകരുന്ന വൈറസ് ആയതുകൊണ്ടുതന്നെ സജീവമായ ലൈംഗികജീവിതം പുലര്‍ത്തുന്ന ആളുകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ‘അവരില്‍ത്തന്നെ 95%-ലധികം പേര്‍ക്കും തങ്ങളുടെ രോഗപ്രതിരോധശേഷി കൊണ്ടുതന്നെ വൈറസിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയും. പക്ഷേ, ചിലരിൽ വൈറസിന്റെ സാന്നിധ്യം വര്‍ഷങ്ങളോളം തുടരുകയാണെങ്കില്‍ അത് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ദരായ ഡോക്ടർമാർ പറയുന്നത്.

രണ്ട് തരത്തിലുള്ള HPV വാക്‌സിനുകള്‍ ഉണ്ട്. ബൈവാലന്റും ക്വാഡ്രിവാലന്റും. ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്ന വാക്‌സിന്‍ ക്വാഡ്രിവാലന്റ് ആണ്. വൈറസിന്റെ കൂടുതല്‍ സ്‌ട്രെയിനുകളെ പ്രതിരോധിക്കാന്‍ അതിന് കഴിയും.


ആര്‍ക്കൊക്കെ വാക്‌സിന്‍ എടുക്കാം?


11-12 വയസുള്ള കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്.


പെണ്‍കുട്ടികള്‍ വാക്‌സിന്‍ എടുത്താല്‍ HPV-യുടെ ചില സ്‌ട്രെയിനുകള്‍ മൂലമുണ്ടാകുന്ന അണുബാധ ഒഴിവാക്കാന്‍ കഴിയും. എങ്കിലും അത് സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെ 70% പ്രതിരോധം മാത്രമേ ആകുന്നുള്ളൂ. അതുകൊണ്ടുതന്നെ HPV വാക്‌സിന്‍ എടുത്താല്‍ ഒരിക്കലും സെര്‍വിക്കല്‍ ക്യാന്‍സര്‍ വരില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയില്ല. അതേസമയം ക്യാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായ രീതിയില്‍ കുറയ്ക്കാനാകും. അതിനാല്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും മുതിര്‍ന്ന സ്ത്രീകള്‍ സ്ഥിരമായി ചെക്കപ്പുകള്‍ നടത്തേണ്ടതുണ്ട്.


13-26 വയസിനിടയില്‍ പ്രായമുള്ള യുവതികള്‍ക്കും വാക്‌സിന്‍ എടുക്കാവുന്നതാണ്. ഡോസില്‍ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അമേരിക്കയില്‍ ഈ വാക്‌സിന്‍ 45 വയസ് വരെയുള്ള സ്ത്രീകള്‍ക്കും എടുക്കാന്‍ കഴിയും. പക്ഷേ, ഈ വാക്‌സിന്‍ രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നാണെന്നും രോഗം വന്നാല്‍ മാറാനുള്ളതല്ലെന്നും ഡോക്ടർമാർ പറയുന്നു.