09 May 2024 Thursday

സ്റ്റാലിന്‍ ഉറപ്പ് നല്‍കി; കേന്ദ്രത്തിനെതിരായ ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിഷേധത്തില്‍ ഡിഎംകെ പങ്കെടുക്കും

ckmnews



ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8 ന് നടത്തുന്ന ജനകീയ പ്രതിരോധത്തില്‍ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേന്ദ്രത്തിന്റെ അവഗണനകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള കേരള സർക്കാരിന്റെ നടപടികളെയും സ്റ്റാലിന്‍ പ്രശംസിച്ചു.


നേരത്തെ പ്രതിഷേധ പരിപാടിയിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ഷണക്കത്ത് മന്ത്രി പി.രാജീവ്‌ എം.കെ സ്റ്റാലിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വയംഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരള സർക്കാര്‍ നല്‍കിയ ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ മറുപടി കത്തിൽ ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു.


‍’തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച്‌ നിൽക്കുന്നു. കോര്‍പ്പറേറ്റീവ് ഫെഡറിലിസം സ്ഥാപിച്ച്‌, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നത്‌ വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ല’- സ്റ്റാലിന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സംസ്ഥാനസ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഒരിക്കലും കഴിയില്ല. ധനകാര്യം,ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.