09 May 2024 Thursday

'ആന ശാന്തനാണ്'; മയക്കുവെടിവെക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍

ckmnews



കല്‍പ്പറ്റ: മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ശാന്തനാണെന്ന് വയനാട് ജില്ലാ കളക്ടര്‍ രേണു രാജ്. ചതുപ്പ് നിലത്തില്‍ നിന്നും മാറി തുറസ്സായ സ്ഥലത്ത് എത്തിച്ച് മയക്കുവെടിവെക്കുമെന്നും കളക്ടര്‍ പറഞ്ഞു.


അടിയന്തര ഘട്ടത്തില്‍ ആവശ്യം മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മയക്കുവെടിവയ്ക്കാനുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കളക്ടര്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. ആറ് മണിക്കൂര്‍ നേരമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്.

മാനന്തവാടി പായോട് ആണ് പുലര്‍ച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും നിര്‍ദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.