09 May 2024 Thursday

കരിപ്പൂര്‍ വഴിയുളള ഹജ്ജ് യാത്രാനിരക്ക് വർധന; മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

ckmnews



കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ യാത്രാനിരക്ക് വർധനയ്ക്കെതിരെ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിരക്ക് വർധനയില്‍ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് മാത്രമുള്ള യാത്രാനിരക്ക് വർധനയ്ക്കു കാരണം കേന്ദ്ര, കേരള സർക്കാറുകളുടെ അനാസ്ഥയാണെന്നാണ് മുസ്‌ലിം ലീഗിന്റെ ആരോപണം. യോഗത്തില്‍ സംസ്ഥാന വകുപ്പ് മന്ത്രിയുണ്ടായിരുന്നിട്ടും എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ടെന്‍ഡര്‍ അംഗീകരിച്ചതെന്തിനെന്ന് പിഎംഎ സലാം ചോദിച്ചു. വിശ്വാസികളോടുള്ള ക്രൂരതയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗ് എം പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ച നടത്തുമെന്ന് സലാം അറിയിച്ചു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യാത്രാ നിരക്ക് കുറച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ്‌വൈഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.