09 May 2024 Thursday

യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

ckmnews


ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകൻ ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.

കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടി. ഗൺമാൻ അനിൽ കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ എഴുവർഷം വരെ തടവ് ലഭിക്കും.


അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പൊലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എസ്പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായുള്ള പ്രവർത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്. തുടർന്നാണ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.