09 May 2024 Thursday

ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ckmnews



ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍സിംഗിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന ലൈലയുടെ വാദം കോടതി അംഗീകരിച്ചില്ല. താന്‍ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുമുള്ള വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടാംപ്രതി ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗിന്റെ ഭാര്യയാണ് ലൈല.

എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തുന്ന പത്മ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. ലൈല ഭഗവല്‍സിംഗിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഇതിന് തെളിവുണ്ടെന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്നുമായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.