09 May 2024 Thursday

യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി ഡ്രൈവര്‍ മരിച്ചു

ckmnews


യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) ആണു മരിച്ചത്.  തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കു പോയി തിരികെ വരുന്നു കെഎസ്ആര്‍ടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസ്. ഇതിനിടെ കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെ​ഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീണ പരീതിനെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു യാത്രാമധ്യേ മരണം.

മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. നിഷയാണ് പരീതിന്‍റെ ഭാര്യ. മക്കൾ: മെഹ്‌റൂഫ്, മെഹ്ഫിർ.