09 May 2024 Thursday

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ckmnews



വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. പരുക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി - കെ.എസ്.യു പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാടകപരിശീലനവുമായി ബന്ധപ്പെട്ട് രാത്രി ക്യാംപസിനുള്ളിലുണ്ടായിരുന്ന വിദ്യാർഥികളുമായി സംസാരിക്കവെ ഇരുപതോളം പേർ മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കോളജിൽ നിലനിന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമം ഉണ്ടായത്

അതേസമയം എസ്.എഫ്.ഐ യൂണിറ്റ് െസക്രട്ടറിയെ കുത്തിയതില്‍ വധശ്രമത്തിനും ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റത്.