09 May 2024 Thursday

'പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് സങ്കടകരം, ലജ്ജാകരം'; വിമർശിച്ച് രാഹുൽ

ckmnews



കൊഹിമ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെ വിമർശിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് സങ്കടകരവും ലജ്ജാകരവുമാണ്. മോദി ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം.

പ്രധാനമന്ത്രി നാഗാലാൻഡിന് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ന്യായ് യാത്രയെന്നാണ് രാഹുൽ ഇന്ന് നാഗാലന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മാധ്യമങ്ങളോട് പറഞ്ഞത്. യാത്ര മോദി സർക്കാരിന് കീഴിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾക്ക് ന്യായവും നീതിയും വാങ്ങി നൽകാനാണ് യാത്ര. ജാതി സെൻസസ്, തൊഴിൽ ഇല്ലായ്മ, സ്ത്രീ സുരക്ഷാ അങ്ങനെ കുറേ കാര്യങ്ങൽ ചർച്ച ചെയ്യാനുണ്ട്.


തിരഞ്ഞെടുപ്പ് പ്രചാരണവുമായി യാത്രയെ ബന്ധിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മറ്റ് സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്.ഇൻഡ്യ മുന്നണി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും വിജയിക്കും. ബിജെപി മുന്നോട്ടു വെക്കുന്നത് അനീതിയുടെ മോഡലെന്നും രാഹുൽ.

ഇൻഡ്യ മുന്നണിയിൽ ചർച്ചകൾ നടക്കുന്നു. തർക്കങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദി പരിപാടിയാണ്. ആർ എസ് എസ് -ബിജെപി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പരിപാടിയാണ്. അതിനാലാണ് കോൺഗ്രസ് പങ്കെടുക്കാത്തത്. ഒരു കോൺഗ്രസ് നേതാവിനെയും അയോധ്യയിൽ പോകുന്നതിൽ നിന്ന് തടഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.