09 May 2024 Thursday

വീണയുടെ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ചുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ckmnews


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണയുടെ കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും ഷോൺ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ ഇന്ന് അറിയിക്കും.


വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎംആർഎൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിര അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.


കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി എസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്