09 May 2024 Thursday

ട്രാൻസ്ജെൻഡറെ കളിയാക്കി; യൂട്യൂബർക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

ckmnews



സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ച യൂട്യൂബർക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര റെഡ്ഡിയാണ് യൂട്യൂബർ ജോ മൈക്കൽ പ്രവീണിനെതിരെ കോടതിയെ സമീപിച്ചത്. മാനനഷ്ടക്കേസ് പരിഗണിച്ച ജസ്റ്റിസ് എൻ സതീഷ് കുമാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു.

യൂട്യൂബർ ജോ മൈക്കൽ പ്രവീണിനെതിരെ 1.25 കോടിയുടെ മാനനഷ്ടക്കേസാണ് ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര റെഡ്ഡി ഫയൽ ചെയ്തത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പത്തോളം വീഡിയോകൾ പ്രവീൺ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് ആരോപണം. വീഡിയോ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദ്ദേശിക്കണമെന്നും അപ്സര ആവശ്യപ്പെട്ടു. ജനുവരി നാലിന് കേസ് പരിഗണിച്ച കോടതി യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഗൂഗിളിനും കോടതി വാക്കാൽ മുന്നറിയിപ്പ് നൽകി.