09 May 2024 Thursday

മകരവിളക്കിന് ശബരിമല ഒരുങ്ങി; ഭക്തരുടെ തിരക്കിൽ കുറവ്

ckmnews


പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായുള്ള ശബരിമലയിലെ അവസാന വട്ട തയാറെടുപ്പുകളും പൂർത്തിയായി. മകര സംക്രമ പൂജകൾക്ക് മുന്നോടിയായുള്ള പ്രാസാദ ശുദ്ധി ക്രിയകൾ സന്നിധാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിൽ സുരക്ഷാ പദ്ധതികൾ വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേർന്നു. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്നാണ് മകര വിളക്കിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

മകര സംക്രമ പൂജക്ക് മൂന്നോടിയായുള്ള പ്രാസാദ ശുദ്ധി ക്രിയയും അനുബന്ധ പൂജകളും തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടന്നു. നാളെ ബിംബ ശുദ്ധിക്രിയകളും മറ്റ് പൂജകളും നടക്കും. കർശന നിയന്ത്രണങ്ങളെ തുടർന്ന് സന്നിധാനത്തെ ഭക്തരുടെ തിരക്കിൽ കുറവുണ്ടായിട്ടുണ്ട്. സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി.

സുരക്ഷാ നടപടികളുടെ ഭാഗമായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസമായ തിങ്കളാഴ്ച പമ്പയിൽ നിന്ന് മലകയറാൻ നിയന്ത്രണങ്ങളുണ്ടെങ്കിലും വലിയ തിരക്കുണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയുള്ളു. മകര ജ്യോതി ദർശനം നേരിൽ കാണുന്നതിനായി സന്നിധാനത്ത് നേരത്തെ എത്തിയ ഭക്തർ പർണശാലകൾ കെട്ടി കഴിയുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം നാലു ലക്ഷത്തിൽ അധികം പേർ ഞായർ, തിങ്കൾ ദിവസങ്ങളിലായി ശബരിമലയിലും സന്നിധാനത്തും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.