09 May 2024 Thursday

താത്കാലിക അധ്യാപകനില്‍നിന്ന് കൈക്കൂലി വാങ്ങി; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ckmnews



കാസർകോട്: കേരള കേന്ദ്രസർവകലാശാലയിലെ താത്കാലിക അധ്യാപകനിൽനിന്ന് കരാർ പുതുക്കിക്കിട്ടുന്നതിനും പിഎച്ച്.ഡി. പ്രവേശനം തരപ്പെടുത്തുന്നതിനും കൈക്കൂലി വാങ്ങുന്നതിനിടെ സർവകലാശാലാ പ്രൊഫസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം പ്രൊഫസർ എ.കെ. മോഹനാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

സോഷ്യൽവർക്ക് വിഭാഗത്തിലെ താത്കാലികാധ്യാപകന്റെ കരാർ കാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്കുള്ളിൽ പുതിയ വിജ്ഞാപനം വരും. അതിൽ നിയമനം ഉറപ്പാക്കുന്നതിനും ഭാവിയിൽ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കുകയാണെങ്കിൽ ഡിപ്പാർട്മെന്റ് റിസർച്ച് കമ്മിറ്റിയിൽ അപേക്ഷയെ എതിർക്കാതിരിക്കുന്നതിനും കൈക്കൂലിയായി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.


ആദ്യ ഗഡുവായി അരലക്ഷം രൂപ വെള്ളിയാഴ്ചയ്ക്കകം നൽകാനും ആവശ്യപ്പെട്ടു. തുടർന്നാണ് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചത്.

വിജിലൻസ് വടക്കൻ മേഖലാ സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിലാണ് കെണിയൊരുക്കിയത്. ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ, ഇൻസ്പെക്ടർമാരായ എ.സി. ചിത്തരഞ്ജൻ, എൽ.ആർ. രൂപേഷ്, കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർ പി. ഷിബു, അസി. പ്ലാനിങ് ഓഫീസർ റിജു മാത്യു, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ. രാധാകൃഷ്ണൻ, വി.എം. മധുസൂദനൻ, പി.വി. സതീശൻ, അസി. സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ, സന്തോഷ്, ഷീബ, പ്രദീപ്, പി.വി. സുധീഷ്, കെ.വി. ജയൻ, പ്രദീപ് കുമാർ, കെ.ബി. ബിജു, കെ. പ്രമോദ് കുമാർ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.


യു.ജി.സി. നിഷ്കർഷിക്കുന്നത് പ്രകാരം താത്കാലിക അധ്യാപകർക്ക് മണിക്കൂറിന് 1500 രൂപയാണ് വേതനം. എന്നാൽ പരാതിക്കാരനായ അധ്യാപകന് ഈയിനത്തിൽ മാത്രം വലിയ തുക കുടിശ്ശികയുണ്ട്.

ഇത് സർവകലാശാലാ ഭരണവിഭാഗവുമായി ബന്ധപ്പെട്ട് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവും പ്രൊഫ. എ.കെ. മോഹൻ നൽകിയതായും വിവരമുണ്ട്. നേരത്തെ സോഷ്യൽവർക്ക് വിഭാഗം തലവനായിരുന്നു ഇദ്ദേഹം.