09 May 2024 Thursday

ഉത്സവകാലം വന്നു :തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 7.30 ലക്ഷം

ckmnews


പാലക്കാട് : പുതിയ ഉത്സവകാലം പിറക്കുമ്പോൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകർ ആവേശഭരിതരാണ്.കേരളത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയ്ക്കാണ് ഇത്തവണ കുംഭഭരണിക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുക. 7.30 ലക്ഷം രൂപയ്ക്കാണ് എഴുന്നള്ളിക്കാനെത്തിക്കുന്നതെന്ന് പ്രചരിക്കുന്നുണ്ട്.


അതേസമയം, രാമചന്ദ്രൻ്റെ ഏക്കത്തുക 2.30 ലക്ഷം മാത്രമാണെന്നും ആനയെ എഴുന്നള്ളിക്കാൻ കൊണ്ടുപോവാനുള്ള മറ്റ് തുകകളും ആരാധകർ നൽകുന്ന സംഭാവനകളും ഉൾപ്പെടുന്നതാവാം ഈ തുകയെന്നും അതേക്കുറിച്ച് ഔദ്യോഗികമായി പറയാനാവില്ലെന്നും അധികൃതർ പറയുന്നു.


ഫെബ്രുവരി 15-ന് തൃശ്ശൂർ പെരുവല്ലൂർ കോട്ടുകുറുംബ ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിൻ്റെ ഭാഗമായി പൂച്ചക്കുന്ന് ഉത്സവാഘോഷക്കമ്മിറ്റിയാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്.

തെച്ചിക്കോട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലേലത്തിൽ രാമചന്ദ്രനെ ഏൽപ്പിച്ചിരുന്നതായി പൂച്ചക്കുന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞിരുന്നു.


ചാവക്കാട് വിശ്വനാഥക്ഷേത്രത്തിൽ കഴിഞ്ഞ ഉത്സവത്തിന് മൊത്തം 6.75 ലക്ഷത്തിനാണ് രാമചന്ദ്രനെ ഏക്കമുറപ്പിച്ചിരുന്നത്. കേരളമെമ്പാടും ആരാധകരുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

സർക്കാർ നിർദേശമനുസരിച്ച് ആഴ്ചയിൽ രണ്ട് എഴുന്നള്ളത്തുകൾക്കുമാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കുന്നത്.


ആനയെ എഴുന്നള്ളിപ്പിനെത്തിക്കുമ്പോൾ വെറ്ററിനറി ഡോക്‌ടർമാരും എലഫന്റ് സ്ക്വാഡും ഉൾപ്പെടെ വൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. യാത്രയ്ക്ക് വാഹനവും പ്രത്യേകം തീറ്റയും ഒരുക്കണം.

ഇതിനുള്ള ചെലവുകളെല്ലാം ചേർത്താണ് ഉത്സവക്കമ്മിറ്റികൾ ഏക്കത്തുക പറയുന്നതെന്ന് അധികൃതർ പറയുന്നു.