09 May 2024 Thursday

ബില്‍ക്കിസ് ബാനു കേസ്; പ്രതികള്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്‌

ckmnews


ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ ഒളിവിലാണെന്നു റിപ്പോര്‍ട്ട്. കേസിലെ 11 പ്രതികളില്‍ ഒന്‍പത് പേരെയാണ് കാണാതായത്. ബില്‍കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് ഇവരെ കാണാതാകുന്നത്. എന്നാല്‍ വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് എല്ലാവരെയും കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്‌വാദ് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ ഒന്‍പത് പേരും. ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നയുടനെ മാധ്യമങ്ങള്‍ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികള്‍ ഒളിവിലാണെന്ന് പുറത്തറിയുന്നത്. ഇവര്‍ എവിടെ പോയി എന്ന് കൃത്യമായ വിവരം കുടുംബാംഗങ്ങളുടെ പക്കലുമില്ല. ചിലര്‍ വീടുകളില്‍ നിന്ന് പോയിട്ട് ഒരാഴ്ചയായെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

ഇതുവരെ ഇവരുടെ കീഴടങ്ങല്‍ സംബന്ധിച്ച വിവരമൊന്നും പൊലീസിനും ലഭിച്ചിട്ടില്ല. പ്രതികളില്‍ ചിലര്‍ രഹസ്യമായി ബന്ധുക്കളെ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. പ്രതികളുടെ ഗ്രാമങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറ്റവാളികള്‍ക്ക് തിരികെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്.ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഉത്തരവില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. 1992ലെ ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് തീരുമാനമെടുത്തത്. ശിക്ഷാ ഇളവില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് 2022 മെയ് മാസത്തിലെ വിധി. ഇതനുസരിച്ചാണ് തീരുമാനമെടുത്തതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ശിക്ഷാ ഇളവ് നല്‍കേണ്ടത് ഗുജറാത്ത് സര്‍ക്കാരല്ല. മഹാരാഷ്ട്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിചാരണ മഹാരാഷ്ട്രയിലാണ് നടന്നത്. അതിനാല്‍ ശിക്ഷാ ഇളവ് സംബന്ധിച്ച അപേക്ഷ പരിഗണിക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണെന്നും ബില്‍ക്കിസ് ബാനു കേസിലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും ജയിലിലേക്ക് പോകണമെന്നാണ് ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്‍ക്ക് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം. രണ്ടാഴ്ചയാണ് കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി. ഇത് അവസാനിക്കും മുന്‍പ് ശിക്ഷാ ഇളവ് തേടി മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനാണ് കുറ്റവാളികളുടെ ആലോചന. ശിക്ഷാ ഇളവ് നേടിയ കാലഘട്ടത്തിലെ മാനസിക പരിവര്‍ത്തനം പരിഗണിക്കണം എന്നാവും അപേക്ഷയ്ക്ക് ആധാരമായി ഉന്നയിക്കുന്ന കാര്യം.എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ 2008ലെ ശിക്ഷാ ഇളവ് സംബന്ധിച്ച നയം ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് അനുകൂലമല്ല. 2008 ഏപ്രില്‍ 11ന് അംഗീകരിക്കപ്പെട്ട ശിക്ഷാ ഇളവ് നയമനുസരിച്ച് ഇളവ് ലഭിക്കാന്‍ ശിക്ഷാ കാലാവധി ഏറ്റവും കുറഞ്ഞത് 18 വര്‍ഷം പൂര്‍ത്തിയാകണം. ഇതനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയാല്‍ പോലും 2026ല്‍ മാത്രമാകും ഗുജറാത്ത് കലാപക്കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവിന് അര്‍ഹത.