09 May 2024 Thursday

സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിര്‍ത്തുന്നു: ഇനിയുള്ളത് വിലക്കിഴിവ് മാത്രം, വിദഗ്ധസമിതിയുടെ ശുപാര്‍ശ

ckmnews

തിരുവനന്തപുരം: സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ സപ്ലൈകോ ഔട്ട്ലറ്റുകളെ ഉപഭോക്താക്കള്‍ കൈവിട്ടു തുടങ്ങിയിരിക്കുകയാണ്.ഭൂരിഭാഗം ഔട്ട്ലറ്റുകളിലും വെളിച്ചെണ്ണയും പിരിയൻമുളകും മാത്രമാണ് സബ്സിഡിയില്‍ ലഭിക്കുന്നത്. സാധനങ്ങളുടെ ക്ഷാമം ഉണ്ടായിട്ട് മാസം രണ്ടായി. ക്രിസ്മസ് വിപണിയില്‍ പോലും സബ്സിഡി സാധനങ്ങള്‍ ലഭ്യമായിരുന്നില്ല.


ഇപ്പോഴിതാ നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കി മൂന്നുമാസം കൂടുമ്ബോള്‍ വില പരിഷ്കരിക്കാൻ ആസൂത്രണബോര്‍ഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാര്‍ശചെയ്തു.വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ് നല്‍കിയാല്‍ മതിയെന്നാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സപ്ലൈകോ സബ്‌സിഡി നല്‍കുന്നത്. ഇപ്പോഴത്തെ സബ്‌സിഡിരീതി വലിയ സാമ്ബത്തികബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.


പൊതുവിപണിയില്‍ 220-230 വിലയുള്ള മുളക് 75 രൂപയ്ക്കാണ് സപ്ലൈകോയിലെ വില്‍പ്പന. ഓരോ സാധനങ്ങള്‍ക്കും വിപണിയില്‍ വിലകൂടുമ്ബോഴും സപ്ലൈകോയിലെ സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് ഏഴുവര്‍ഷമായി ഒരേവിലയാണ്. വിപണിയുമായി താരതമ്യപ്പെടുത്തിയാല്‍ 50 ശതമാനത്തിലേറെയാണ് ഇപ്പോഴുള്ള സബ്‌സിഡി. ഈരീതിയില്‍പ്രതിസന്ധി തരണംചെയ്യാനാവില്ലെന്ന് സമിതി വിലയിരുത്തി.