09 May 2024 Thursday

ജനുവരി 10 മുതൽ സ്പോട് ബുക്കിംഗ് ഉണ്ടാകില്ല; ശബരിമലയില്‍ നിയന്ത്രണങ്ങള്‍

ckmnews


മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ് . ജനുവരി 10 മുതൽ സ്പോട് ബുക്കിംഗ് ഉണ്ടാകില്ല. മകരവിളക്കിനും തലേന്നുമുളള വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങും  പരിമിതപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസവും ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്.

ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം..  ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കി. ജനുവരി 14 ലെ വെർച്വൽ ക്യൂ ബുക്കിംഗ് 50,000 മായും മകരവിളക്ക് ദിവസം 40000 മായും നിജപ്പെടുത്തിയിട്ടുണ്ട്. മകരവിളക്കിന് ദിവസങ്ങൾക്ക് മുൻപ് മല കയറുന്ന ഭക്തർ മകരവിളക്കിനായി സന്നിധാനത്തും പരിസരത്തും ക്യാംപ് ചെയ്യാറുണ്ട്.  ഈ സാഹചര്യത്തിൽ വീണ്ടും കൂടുതൽ തീർഥാടകരെത്തിയാൽ   അത് സുരക്ഷയെക്കൂടി ബാധിക്കും’.  ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം.

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് ഇന്നും തുടരുകയാണ് . സന്നിധാനം മുതൽ മരക്കൂട്ടം വരെയാണ് തീർഥാടകരുടെ നിര. അരവണ വിതരണത്തിലെ പ്രതിസന്ധി ഇന്നുതന്നെ പരിഹരിക്കാനാവുമെന്ന് പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. നിലവിൽ ഒരാൾക്ക് അഞ്ച് അരവണ വീതമാണ് നൽകുന്നത്