09 May 2024 Thursday

ക്യാരംസ് കളിക്കിടെ കോയിൻ പുറത്തുപോയതിന് ചുറ്റികകൊണ്ട് സുഹൃത്തിന്റെ മുഖത്ത് അടിച്ചു

ckmnews


കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കൾക്കൊപ്പമിരുന്നു ഇരുവരും ക്യാരംസ് കളിക്കുന്നതിനിടെയാണ് തർക്കം. ഇതിനിടെയിൽ ക്യാരംസ് കോയിന്‍ പുറത്തു പോകുകയായിരുന്നു തുടർന്ന് ഇതിന്റെ പേരിൽ ശ്രീനാഥിനെ ശ്രീക്കുട്ടൻ ചീത്തവിളിച്ചു. തുടർന്ന് ശ്രീനാഥ് കളിനിർത്തി മാറിയിരുന്നു. പിന്നാലെ തന്‍റെ സ്കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടൻ മുഖത്ത് അടിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.