09 May 2024 Thursday

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ckmnews



തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടായത്. കാനം രാജേന്ദ്രന്റെ വിയോ​ഗത്തെ തുടർന്നാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻെറ പേര് നിർദ്ദേശിച്ചത്. നിർദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ചർച്ച പോലുമില്ലാതെയായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചത്.


രണ്ട് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വം പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. ലോക യുവജന സംഘടനയുടെ തലപ്പത്തടക്കം പ്രവർത്തിച്ച പാരമ്പര്യമുളള ബിനോയ് വിശ്വം കമ്മ്യൂണിസ്റ്റ് നേതാവ് വൈക്കം വിശ്വനാഥൻെറ മകനാണ്. രാജ്യസഭാംഗം എന്ന നിലയിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബിനോയ് വിശ്വം സെക്രട്ടറി പദം ഏറ്റെടുത്തതോടെ കർമ്മ മണ്ഡലം കേരളത്തിലേക്ക് മാറ്റും.


പരിസ്ഥിതി ആഭിമുഖ്യമുളള നേതാവ് എന്ന നിലയിലും ബിനോയ് വിശ്വം ശ്രദ്ധേയനാണ്. വിഎസ് സർക്കാരിൻെറ കാലത്ത് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് സൈലൻറ് വാലി ബഫർസോൺ പ്രഖ്യാപിച്ചത്. സിപിഐഎമ്മിൻെറ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു തീരുമാനം. കേരളത്തിലെ സംഘടന ചുമതല ഏറ്റെടുക്കുന്ന ബിനോയ് വിശ്വത്തിന് മുന്നിലുളള ആദ്യ വെല്ലുവിളി ലോക് സഭാ തിരഞ്ഞെടുപ്പാണ്. ചേരി തിരിവ് പ്രകടമായ സിപിഐയെ ഒറ്റക്കെട്ടായി നയിക്കുക എന്നതും വലിയ വെല്ലുവിളിയാണ്.

കെഇ ഇസ്മായിൽ അടക്കം ചില മുതിർന്ന നേതാക്കൾ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് രം​ഗത്തെത്തിയിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടറിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്. ഈ എതിർപ്പുകളെ അവ​ഗണിച്ചാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.