09 May 2024 Thursday

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ckmnews



തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാനസെക്രട്ടറിയായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദ്ദേശം സംസ്ഥാന കൗൺസിൽ അംഗീകരിക്കും. കെ. പ്രകാശ് ബാബുവാണ് ഇന്നലെ എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്.


അവധി അപേക്ഷിച്ചുകൊണ്ട് കാനം രാജേന്ദ്രൻ നൽകിയ കത്തിലും ബിനോയിക്ക് സെക്രട്ടറിയുടെ ചുമതല നൽകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു സെക്രട്ടറിയെ തീരുമാനിച്ച രീതിയിൽ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാന കൗൺസിലിന്റെ തീരുമാനത്തെ അത് സ്വാധീനിക്കാൻ ഇടയില്ല.

കാനം രാജേന്ദ്രന്‍റെ സംസ്ക്കാര ചടങ്ങിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവിലാണ് ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയത്. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്നും ഇതിന്റെ ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി.രാജ പറഞ്ഞിരുന്നു.


നിലവിൽ രാജ്യസഭാ അംഗമായ ബിനോയ് വിശ്വം പാർലമെന്‍റിലെ സിപിഐ പാർലമെന്ററി പാർട്ടി നേതാവാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. സിപിഐയുടെ മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റുമാണ് . 2006-2011 കാലഘട്ടത്തിൽ കേരള സർക്കാരിൽ വനം, ഭവന വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു .

നേരത്തെ നാദാപുരം നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എസ്റ്റിമേറ്റ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു. ചെയർമാൻ, അഷ്വറൻസ് കമ്മിറ്റി; മണ്ഡലം ഡീലിമിറ്റേഷൻ കമ്മിറ്റിയിലെ അഞ്ചംഗങ്ങളിൽ ഒരാളായിരുന്നു.