09 May 2024 Thursday

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസർ പിടിയിൽ

ckmnews



തളിപ്പറമ്പ്: ബി.പി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷകനില്‍നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലിനെ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരുവളത്തുപറമ്പ് സ്വദേശിയില്‍നിന്നാണ് തുക ആവശ്യപ്പെട്ടത്. ഇവരുടെ ബി.പി.എല്‍. കാര്‍ഡ് എത്രയും വേഗം എ.പി.എല്‍. കാര്‍ഡ് ആക്കണമെന്നും ഇതുവരെ ബി.പി.എല്‍. കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നടപടി ഒഴിവാക്കാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. സാമ്പത്തികപ്രയാസം പറഞ്ഞപ്പോള്‍ 15,000 രൂപയാക്കി. ആദ്യഘട്ടം 10,000 രൂപ നല്‍കിയെന്നും 5000 രൂപയ്ക്ക് കൂടി നിര്‍ബന്ധം പിടിച്ചപ്പോഴാണ് വിജിലന്‍സിനെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. പുതുതായി അനുവദിച്ച കാര്‍ഡ് പരാതിക്കാരന് ലഭിക്കുകുയും ചെയ്തു. വൈകീട്ട് അഞ്ചോടെയാരംഭിച്ച അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും രാത്രി എട്ടരയായി. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, ഹൈറേഷ്, സിജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു