09 May 2024 Thursday

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; സന്നിധാനം ഭക്തിനിർഭരം

ckmnews


പമ്പ: 41 ദിവസത്തെ കഠിനവ്രതാനുഷ്ഠാനത്തിനൊടുവിൽ ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. ഇതിന് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നലെ വൈകിട്ടോടെ സന്നിധാനത്തെത്തി. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നട അടയ്ക്കും. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തിയത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലില്‍ എത്തിയത്.


മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച്‌ ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.

15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം, തുടര്‍ന്നു നട അടയ്ക്കും.

അതേസമയം ശബരിമല നടവരവിൽ 18 കോടി രൂപയുടെ കുറവ് ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ നടവരവായി ലഭിച്ചത് 204.30 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 222.98 കോടി രൂപയായിരുന്നു. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്ബോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 25 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടത്.